Friday, February 6, 2009

ഞാനും ഒരമ്മ

കാലം കടന്നുപോയ്, ഞാനുമൊരമ്മയായ്,
ജാതയായ് പുത്രിയുമൊന്നെനിക്ക്
പിന്നില്‍ നടന്നമ്മേയെന്നു കൊഞ്ചീടുമാ
പെണ്മണി തന്‍ ബാല്യമേറെ ഹൃദ്യം.

ആദ്യത്തെ കാല്‍വെയ്പ്പുമാദ്യത്തെ കൊഞ്ചലും
ആദ്യത്തെ കൊച്ചരിപ്പല്ലുകളും
ഓര്‍പ്പു ഞാന്‍ വിദ്യാലയത്തിലെയാദ്യനാള്‍
ഓര്‍മ്മകള്‍ക്കിത്രയും മാധുര്യമോ?

കുഞ്ഞു വലുതായി, ചിന്തിക്കാന്‍ ത്രാണിയായ്,
അമ്മ തന്‍ വാക്കോ, കഷായമായി
നന്നായിവളെയറിയാന്‍, കഠിനമാ-
ളിന്നു തലമുറ തന്‍ വിടവില്‍ ‍


എന്നമ്മയന്നെനിയ്ക്കേകിയതായൊരാ
സ്നേഹവാല്‍സല്യം പകര്‍നീടുവാന്‍
ഒന്നു ശ്രമിക്കാറുണ്ടേറെ ഞാനെന്നാലു-
മെങ്ങോ കുറവൊരു കണ്ണി തോന്നി

ജീവിത യാത്രയില്‍ രണ്ടറ്റം മുട്ടിക്കാന്‍
നെട്ടോട്ടമോടുന്ന സാഹസത്തില്‍
വന്നുപോയോ പിഴയെങ്ങാനുമെന്നില്‍നി-
യെന്നെങ്കിലുമറിഞ്ഞീടുമെന്നെ.

കേട്ടു ഞാന്‍ പണ്ടുള്ളവര്‍ ചൊല്ലിയ വാക്യം
"കാക്കയ്ക്കും തന്‍ കുഞ്ഞു പൊന്‍കുഞ്ഞല്ലേ?"
ഒന്നുമെനിയ്ക്കെന്‍ മകളില്‍ നിന്നും വേണ്ട
നന്നായി ജീവിച്ചു കണ്ടാല്‍ മതി.

No comments:

Post a Comment