Tuesday, August 11, 2009

ഓണം

എനിക്കുമുണ്ട് ഓണത്തെക്കുറിച്ച് കുറെ നല്ല ഓര്‍മ്മകള്‍ . അച്ചുസ്‌ പറഞ്ഞ പോലെ ഉപ്പേരി നാലായി വറുത്തത് നാലഞ്ചു ദിവസങ്ങള്‍ മുന്‍പ് തന്നെ വറുക്കും. അച്ഛനാണ് അതിന്റെ ഉത്തരവാദിത്വം. വറുത്തു കഴിഞ്ഞാല്‍ ബിസ്ക‌ിറ്റ് ടിന്നിലാക്കി മച്ചില്‍ കൊണ്ട് പോയി വെക്കും. പിന്നെ അമ്മ കാണാതെ കട്ടെടുത്തു തിന്നല്‍ ആണ് വേറെ ഒരു പരിപാടി.

പൂക്കളം ഇടുന്നത് മത്സര ബുദ്ധിയോടെ ആണ്. അടുത്തവീടിലെ കൂട്ടുകാരെക്കാള്‍ നല്ല പൂക്കളം ആയിരിക്കണം എന്ന വാശി. ഓണത്തിന്ടെ അന്ന് ഉച്ചയൂണു കഴിഞ്ഞാല്‍ കൈകൊട്ടികളി ഉണ്ടായിരിക്കും. ചുറ്റുമുള്ളവ ശ്ത്രീകലെല്ലാവരും കൂടി കുറെ പേരുണ്ടാവും, പിന്നെ വൈകുന്നേരം വരെ പാട്ടും കളിയും തന്നെ. അതൊക്കെ ഒരു കാലം.

ഇപ്പോള്‍ ഡെല്‍ഹിയിലെ ഗായത്രി എന്ന കൂടായ്മയുടെ ഓണാഘോഷം തന്നെ അതി മധുരം.

Saturday, August 1, 2009

എന്‍റെ കണ്ണനോട്

കാളിന്ദി തീരത്തൊരോടക്കുഴലൂതി-
യോളങ്ങളില്‍പ്പുളകങ്ങള്‍ ചാര്ത്തി
കള്ളച്ചിരിതൂകി നില്ക്കുന്നകണ്ണനെ-
ന്നുള്ളിന്റെയുള്ളില്ക്കുളിര്മ്മയായി.

ഗോപികമാരുടെ ഹൃദയത്തുടിപ്പായി
ഗോപന്മാര്‍ തന്‍ കളിത്തോഴനായി
ഗോവര്‍ധന ഗിരി കയ്യിനാല്‍ പൊന്തിച്ചു
ഗോകുലത്തെ കാത്ത ബാലനായി,

മണ്‍ തിന്ന വായ വലുതായ്‌ തുറന്നിട്ടു
മന്നിടം കാണിച്ച പൊന്മകനായ്
മണ്‍കലം തന്നിലെ വെണ്ണ കട്ടുണ്ടിട്ടു
മങ്കമനം കവര്‍ന്നാരോമലായ്,

രാധ തന്‍ കൃഷ്ണനായ്‌, രാഗാനുലോലനായ്,
രാത്രിഞ്ചരന്മാര്‍ തന്‍ മര്ദ്ദകനായ്
രാമന്റെയനുജനായ്‌ രാജീവലോചനന്‍
രാജാധിരാജനായ്‌ വാണ തീരെ...

കാളിയനെ കൊന്നു കാളിന്ദി നദിയിലെ
കാളകൂട വിഷം നശിപ്പിച്ചു നീ.
കണ്ണിന്‍റെ കൃഷ്ണമണി പോലെ കാത്തു നീ
കല്ലും മരങ്ങള്‍ മൃഗങ്ങളെയും.

മധുരയില്‍ മാതുലനോടെതിരേറ്റിട്ടു
മാതാപിതാക്കളെ മുക്തരാക്കി
മണ്ണിനും വിണ്ണിനും അഭിമാനഭാജനം
മാതായശോദതന്‍ കണ്ണിലുണ്ണി.

എന്‍റെ മനസ്സിന്‍റെ കണ്ണാടിയിലുണ്ട്
എണ്ണക്കറുപ്പാര്‍ന്നാ ചാരുരൂപം
എങ്കിലും കണ്ണാ നീയൊന്നു വന്നീടുമോ
എന്‍ കിനാവില്‍ രാഗ വേണുവൂതി?

Sunday, June 28, 2009

ഒരു കൊച്ചു മോഹം

ഇടയ്ക്കിടെ കൊതി തോന്നുന്നു
വിധിയുടെ കാല്ച്ചങ്ങലകളെ, പൊട്ടിച്ചെറിഞ്ഞു
പരിപൂര്ണ സ്വതന്ത്രയാകുവാന്
എന്റെ വികാരങ്ങളെ മുഴുവന് മൂടി
എന്നെ ശ്വാസം മുട്ടിപ്പിക്കുന്ന
മൂടല് മഞ്ഞിന്റെ കട്ടിപുതപ്പില്
ഒരു ചെറിയ സുഷിരമുണ്ടാക്കുവാന്
ആ സുഷിരത്തിലൂടെ ശ്വാസം കഴിക്കുവാന്
വിശാലമായ നീലാകാശത്തിന്റെ ഒരു നേരിയ ഭാഗം
വീക്ഷിക്കുവാന് മനസ്സു കൊതിക്കുന്നു.

xxx xxx xxx xxx

ആ ആകാശം, ഇന്നലെ വരെ
എന്റെ പടിവാതില്ക്കല്നിന്നു
എന്നോട് പറയുമായിരുന്നു
വരൂ.........എന്റെ അടുത്തേക്ക് വരൂ......
നോക്കൂ, എന്റെ കൈവശം
ചന്ദ്രനുണ്ട്, നക്ഷത്രങ്ങളുണ്ട്
സുന്ദരമായ സ്വപ്നങ്ങളുണ്ട്
എല്ലാം നിനക്കു വേണ്ടി മാത്രം
കൊണ്ടുപോകൂ.......എല്ലാം കൊണ്ടുപോകൂ.....

xxx xxx xxx xxx

ഞാനൊന്നും എടുത്തില്ല
ചന്ദ്രനെയോ, നക്ഷത്രങ്ങളെയോ,
മറ്റു സുന്ദര സ്വപ്നങ്ങളെയോ സ്വന്തമാക്കിയില്ല.
പിന്നീട് അറിയില്ല
എന്റെ ആത്മാവിനു മുകളില്
ഈ ദുഃഖത്തിന്റെ കനത്ത പുതപ്പ്
ആരാണ് പുതപ്പിച്ചതെന്നു
വികാരങ്ങളെ ശ്വാസം മുട്ടിപ്പിക്കുന്ന കരിം പുതപ്പ്
ആ പുതപ്പിന്നുള്ളില് എന്റെ പൊട്ടിച്ചിരികള് മരവിച്ചു.
ചന്ദ്രനും നക്ഷത്രങ്ങളും പൊലിഞ്ഞുപോയി
ഓരോന്നോരോന്നായി സുന്ദര സ്വപ്നങ്ങളും മരിച്ചുവീണു

xxx xxx xxx xxx

ഇടയ്ക്കിടെ ആഗ്രഹം തോന്നുന്നു
തുറന്ന വായുവില് ശ്വാസം കഴിക്കുവാന്
ഒരു സ്വപ്നം നെയ്തുണ്ടാക്കുവാന്
പക്ഷെ.............
അറിയാം, അത് തെറ്റാണെന്ന്
എന്നിട്ടും...........
ഒരു തെറ്റ് ചെയ്യുവാന്
ഇടയ്ക്കിടെ കൊതി തോന്നുന്നു.

Saturday, June 20, 2009

പുത്ര ഭാഗ്യം

ഇരട്ടയായ്‌ പിറന്ന രണ്ടുണ്ണികളെ കണ്ടു ഞാന്‍
ഇന്നലെ യദൃശ്ചയാ ഒരു സുഹൃത്തിന്റെ വീട്ടില്‍
ഈരണ്ടു മാസം വീതം പ്രായമായാ കുഞ്ഞുങ്ങള്‍
ഇന്ബമായ്‌ കവര്ന്നല്ലോ എന്നുടെ മനം നൂനം.

മലര്‍ന്നു കിടന്നേറെ കൈകാലിട്ടടിച്ചിട്ടും
മധുരമായിടയ്ക്കിടെ പുഞ്ചിരി തൂകികൊണ്ടും
മാതാവിന്‍ മടിത്തട്ടില്‍ സ്ഥാനം പിടിച്ചു വേഗം
മുലയുണ്ണുവാന്‍ ധൃതി കാണിച്ചുകൊണ്ടുമവര്‍

അച്ഛനുമമ്മയേയും മുത്തശ്ശിയേയും പിന്നെ
അലസമായ്‌ സന്ദര്‍ശിക്കാന്‍ വരുന്ന കൂട്ടരെയും
അരുംയായ്‌ രസിപ്പിച്ചു കഴിക്കുന്നവര്‍ ദിനം
അത്ഭുതമൊന്നുമില്ലയെന്‍ മനം കവര്ന്നതില്‍.

പണ്ടത്തെയേതോ ഒരു കാലത്തിലെത്തീ ഞാനും
പഴയതാമോര്മകളെന്‍ ഹൃദയത്തിലല തല്ലി
പണ്ടേറെ ചെറുപ്പമായിരുന്ന കാലത്തിങ്കല്‍
പിറന്നതായിരുന്നുമെനിക്കുമിരട്ടകള്‍

വളര്‍ച്ച മുഴുമിക്കാതെ പുറത്തു കടന്നവര്‍
വളരെ ശ്രമിച്ചല്ലോയവരെ രക്ഷിക്കുവാന്‍
വിധാതാവിന്റെ വിധി തടുക്കാനായീടുമോ
വന്നിടത്തേക്കു തന്നെ തിരിച്ചു പോയീയവര്‍.

അഞ്ചാറു ദിനങ്ങളീ ഭൂമിയിലിരുന്നിട്ടും
അമ്മ തന്‍ കരലാളനമറിഞ്ഞതില്ലയവര്‍
അമ്മിഞ്ഞപ്പാലൂട്ടുവാന്‍, അരികത്തുറക്കുവാന്‍
അമ്മക്ക് ഭാഗ്യമില്ലാതായിപ്പോയ്‌, എന്ത് ചെയ്‌വാന്‍?

മറവിതന്‍ മണിച്ചെപ്പില്‍ മൂടിവെച്ചൊരോര്മകള്‍
മങ്ങാതെ തെളിഞ്ഞെന്റെ മനസ്സില്‍ വന്നുവെന്നോ?
മാതാപിതാക്കന്മാര്‍ തന്‍ കണ്ണിലുണ്ണികളായ
മക്കള്‍ക്ക്‌ ദീര്‍ഘായുസ്സു നല്‍ക നീ ജഗദീശാ!

Monday, April 13, 2009

പ്രവാസി വിഷുക്കണി

കേരളത്തില്‍ വിഷു ആകുമ്പോഴേക്കും കൊന്ന പൂക്കും, പക്ഷെ ഡല്‍ഹിയില്‍ കുറച്ചു കാലം കൂടി കഴിഞ്ഞേ ആ പൂക്കള്‍ ഉണ്ടാവൂ. അതേപോലെ, വെള്ളരിക്കയും ഇവിടെ കിട്ടാന്‍ പ്രയാസമാണ്. അങ്ങിനെയുള്ള സന്ദര്‍ഭത്തില്‍ ഡല്‍ഹിയിലെ ഒരു വീട്ടമ്മ എങ്ങിനെയാണ് വിഷുക്കണി ഒരുക്കുക എന്ന് നമ്മള്‍ക്കൊന്നു നോക്കാം.


മേടമാസം വന്നാല്‍ വിഷുവും വരും, പക്ഷെ
കണിയൊരുക്കീടുന്നതെങ്ങിനെ ഞാന്‍
കണിവെള്ളരിക്കയും കൊന്നപ്പൂവുമില്ല
കണിയൊരുക്കീടുവാനുരുളിയില്ല

മേടമാസം വന്നാല്‍ കേരളത്തില്‍ സൂര്യന്‍
ഉച്ചസ്ഥനാകയാല്‍ കൊന്ന പൂക്കും
ഡെല്‍ഹിയെന്നീ മഹാനഗരത്തിലെ കൊന്ന
പൂക്കുവാന്‍ പിന്നെയും നാള്‍ പിടിക്കും

സ്വര്‍ണവര്‍ണമാര്‍ന്ന വെള്ളരിക്കകളോ
കേരളത്തിലേറെ ലഭ്യമല്ലോ
എന്നാലോ ഡെല്‍ഹിയില്‍ഹരിത വര്‍ണമാര്‍ന്ന
കീരയില്‍* സന്തുഷ്ടരാകും ഞങ്ങള്‍.

എങ്കിലും കണി വേണം വിഷുവിന്‍ പുലരിയില്‍
എന്നുടെ മക്കള്‍ക്ക്‌ കാണിക്കാനായ്
അമ്മ തന്‍ ബാല്യത്തിന്‍ മാതൃകയെങ്കിലും
അരുമകിടാങ്ങളറിഞ്ഞിടേണ്ടേ?

ആട്ട കുഴയ്ക്കുന്ന സ്റ്റീലിന്റെ തട്ടത്തില്‍
പൊന്നിന്‍ കസവുള്ള മുണ്ടു വെച്ചു
ദേഹത്തിലണിയുവാന്‍ താത്പര്യമില്ലാത്ത
പൊന്നിന്റെ നെക്ലേസും മീതെ വെച്ചു

മാങ്ങയും ചക്കയും പഴവും വെച്ചു
തേങ്ങമുറികളൊരുക്കി വെച്ചു
വെള്ളി തന്‍ നാണയം നന്നായ് മിനുക്കീട്ടു
വേറിട്ടു സന്തുഷ്ട്ടിയോടെ വെച്ചു

വീടിന്‍ ടെറസ്സില്‍ ഞാന്‍ നട്ടു വളര്‍ത്തുന്ന
ചട്ടിയിലെ പൂക്കള്‍ കൊണ്ടുവന്നു
വെള്ളരിക്കയ്ക്ക് പകരമായ് കീരയെ
കുണ്ഠിതത്തോടെ കണിയ്ക്കു വെച്ചു

അമ്പാടികണ്ണന്ടെ പടത്തിനു മുമ്പിലായ്
അഞ്ചുതിരിയിട്ട വിളക്കു വെച്ചു
കണ്ണാടി വെച്ചു, കരിമഷിയും
കുംകുമ ചെപ്പതു വേറെ വെച്ചു.

കാലേയുണര്‍ന്നു വിളക്കു കത്തിച്ചിട്ടു
കുട്ടികളെയും വിളിച്ചുണര്‍ത്തി
കണ്ണു തുറക്കാതെ കൊണ്ടുവന്നൂ, പിന്നെ
കണ്ണു തുറന്നു കണി കാണിച്ചു

കണി കണ്ടു, പിന്നെ കൈനീട്ടം കിട്ടി
കുട്ടികളേറെ സന്തുഷ്ട്ടരായീ
മക്കള്‍ തന്‍ സന്തോഷം കണ്ടപ്പോഴെന്നിലെ
മാതൃ ഹൃദയവും സന്തുഷ്ടമായ്!
*കീര എന്ന് പറഞ്ഞാല്‍ വെള്ളരിക്ക പൂവല്‍ പോലെ ഒരു കായ
first | < previous | next > | last
report spam reply