Wednesday, February 11, 2009

നവരാത്രി ഉത്സവം...

നവരാത്രിയുത്സവം കാണുവാന്‍ പോവാറു-
ണ്ടമ്മാത്തടുത്തുള്ളയമ്പലത്തില്‍
ഒമ്പതു നാളിലും ചന്ദനം ചാര്‍ത്തിയ
ദേവനെക്കാണുവാനെന്തു ചന്തം!

ഇല്ല തിരക്കില്ലയൊട്ടുമീ ക്ഷേത്രത്തി-
ലെന്നാല്‍ നവരാത്രി വന്നിടുമ്പോള്‍
മാല-വിളക്കുകള്‍ ആനയമ്പാരികള്‍,
ഗാനവും നൃത്തവും എന്നിങ്ങനെ
ഉത്സവമാഘോഷം കാണുവാനായിരം
ഭക്ത ജനങ്ങളും വന്നുകൂടും
പഞ്ചവാദ്യമുണ്ട്, തായമ്പകയുണ്ട്
കച്ചേരിയും ചാക്യാര്‍ കൂത്തുമുണ്ടേ

ഒരു നാളു തുള്ളലാണെങ്കിലോ, മറ്റൊരു
നാളില്‍ കഥകളിയായിരിക്കും
ഭക്തിഗാനം, ഭരതനാട്യങ്ങളും
ഭക്തരെ മുഗ്ദ്ധരാക്കുന്നു നൂനം

കാലേ കുളിച്ചു തൊഴുവാനായ് വന്നാലോ
വേണ്ട തിരിച്ചു, വൈകീടുംവരെ
ഉച്ചയ്ക്കു സദ്യയുമുണ്ടു വിശപ്പിനു
ഭക്തര്‍ വകയായിട്ടന്നദാനം
നൈപ്പയാസം,പിന്നെ പഞ്ചാരപ്പായസം,
കാരോലപ്പം,പഴം, ശര്‍ക്കരയും
എല്ലാമേ ലഭ്യം, വിശപ്പടക്കീടുവാന്‍
ഉത്സവക്കാലം സുഭിക്ഷമല്ലോ?

കൂടെ നടന്നു വഴിവാണിഭക്കാരോ-
ടേറെ വേണേള്‍ വള, മാല വാങ്ങാം
അല്ലെങ്കിലോ പഞ്ചവാദ്യവും കേട്ടിട്ടു
മെല്ലെ തലയാട്ടി നിന്നു ചെമ്മേ,
കൂട്ടുകാരൊത്തു കളി പറയാം, പിന്നെ-
യാനയെ കണ്ടിട്ടു വായ് പൊളിക്കാം
പുസ്തകമെല്ലാമെഴുത്തിനുവച്ചാ‍ലൊ-
രൊട്ടു പഠിക്കേണ്ട കാര്യമില്ല.

ആസ്വദിക്കാറുണ്ടാ ഉത്സവനാളുകള്‍
ഹൃദ്യമായിട്ടെന്റെ ബാല്യകാലേ
മധുരമാമോര്‍മ്മകളയവിറക്കിക്കൊണ്ടൂ
ദൂരമാം ദേശത്തു വാഴുന്നു ഞാന്‍!

Sunday, February 8, 2009

നീയെനിക്കാരോ?

എങ്ങിനെയാവുമെനിക്കു പറയുവാന്‍
നീയെനിക്കരാണെന്നുള്ള സത്യം
എന്റെ ഹൃദയത്തിലത്രയലിഞ്ഞു നീ
വേര്‍്പെടുത്തുന്നതസാധ്യമത്രേ.

എന്നുടെ സന്തോഷം, ദുഃഖവും നീയത്രെ
എന്റെയിരവും പകലും നീയേ
നീ താനെന്‍ സ്വാന്തനം, നീ താനെന്‍ പേടിയും
നീ തന്നെ ശാന്തിയും വിപ്ലവവും

മധുരസ്വപ്നങ്ങള്‍ക്കും പേടിസ്വപ്നങ്ങള്‍ക്കും
ഇരയായിടുന്നതും നീ തന്നല്ലൊ
എന്നുടെയുള്ളിലെ സ്വാതന്ത്ര്യ ചിന്തയും
കീഴടക്കങ്ങളും നീ മാത്രമോ

നീ തന്നെ എന്നശ്രു, നീ തന്നെ പുഞ്ചിരി
നീ തന്നെ നിഴലും പ്രകാശവുമായ്
എന്നുടെ ധമനിയിലോടുന്ന രക്തം നീ
എന്നുടെയന്നവും ജലവും നീയേ

ഓരോ നിമിഷവും ഞാനെടുക്കും ശ്വാസം
ദൈവത്തിന്‍ മുന്‍പിലെ പ്രാര്‍ഥനകള്‍
എന്നുടെ പ്രേരണ, എന്റെ നിരാശകള്‍
എല്ലാമേ നീയല്ലാതാരുമല്ല.

നീ തന്നെ ഞാനെന്നും, ഞാന്‍ തന്നെ നീയെന്നും
നീയറിഞ്ഞീടെന്റെയോമനയേ
ലോകത്തിനെങ്ങനെ കാണുവാനായിടു-
മെന്നെയും നിന്നെയും വേറെയായി?

ഹേമ

Friday, February 6, 2009

ഞാനും ഒരമ്മ

കാലം കടന്നുപോയ്, ഞാനുമൊരമ്മയായ്,
ജാതയായ് പുത്രിയുമൊന്നെനിക്ക്
പിന്നില്‍ നടന്നമ്മേയെന്നു കൊഞ്ചീടുമാ
പെണ്മണി തന്‍ ബാല്യമേറെ ഹൃദ്യം.

ആദ്യത്തെ കാല്‍വെയ്പ്പുമാദ്യത്തെ കൊഞ്ചലും
ആദ്യത്തെ കൊച്ചരിപ്പല്ലുകളും
ഓര്‍പ്പു ഞാന്‍ വിദ്യാലയത്തിലെയാദ്യനാള്‍
ഓര്‍മ്മകള്‍ക്കിത്രയും മാധുര്യമോ?

കുഞ്ഞു വലുതായി, ചിന്തിക്കാന്‍ ത്രാണിയായ്,
അമ്മ തന്‍ വാക്കോ, കഷായമായി
നന്നായിവളെയറിയാന്‍, കഠിനമാ-
ളിന്നു തലമുറ തന്‍ വിടവില്‍ ‍


എന്നമ്മയന്നെനിയ്ക്കേകിയതായൊരാ
സ്നേഹവാല്‍സല്യം പകര്‍നീടുവാന്‍
ഒന്നു ശ്രമിക്കാറുണ്ടേറെ ഞാനെന്നാലു-
മെങ്ങോ കുറവൊരു കണ്ണി തോന്നി

ജീവിത യാത്രയില്‍ രണ്ടറ്റം മുട്ടിക്കാന്‍
നെട്ടോട്ടമോടുന്ന സാഹസത്തില്‍
വന്നുപോയോ പിഴയെങ്ങാനുമെന്നില്‍നി-
യെന്നെങ്കിലുമറിഞ്ഞീടുമെന്നെ.

കേട്ടു ഞാന്‍ പണ്ടുള്ളവര്‍ ചൊല്ലിയ വാക്യം
"കാക്കയ്ക്കും തന്‍ കുഞ്ഞു പൊന്‍കുഞ്ഞല്ലേ?"
ഒന്നുമെനിയ്ക്കെന്‍ മകളില്‍ നിന്നും വേണ്ട
നന്നായി ജീവിച്ചു കണ്ടാല്‍ മതി.

എന്റെ അമ്മ

എന്റെ അമ്മ
പ്രാതകാലത്തൊരുണര്‍ത്തുപാട്ടായ്
രാത്രികാലങ്ങളില്‍ താരാട്ടായി
എന്നന്തരംഗത്തില്‍ ജീവിതപാഠങ്ങള്‍
ചൊല്ലിപ്പഠിപ്പിച്ചതമ്മയല്ലോ?

കണ്ണീര്‍ തുടയ്ക്കുവാനെത്തുമമ്മ
എന്‍ മുറിവില്‍ മരുന്നേകുമമ്മ
ആദ്യമടിവസ്ത്രം രക്തം പുരണ്ടപ്പോള്‍
ആശ്വാസമായതുമമ്മതന്നെ.

ഒട്ടു കഥകള്‍ വായിച്ചു രസിക്കുവാന്‍
ചെറ്റുമീണത്തില്‍ കവിതകള് ‍ചൊല്ലുവാന്‍
പാഠം പഠിക്കാന്‍, കണക്കുകള്‍ ചെയ്യാന്‍,
പ്രോത്ഹിപ്പിച്ചതുമമ്മതന്നെ.

നല്ല കളിക്കൂട്ടുകാരിയായ്, ചേച്ചിയായ്,
നിന്നുവല്ലോ മാര്‍ഗദര്‍ശിയായെന്നും
ആ സാമീപ്യത്തിന്‍ ഭാഗ്യമേറെയ്നി-
യ്ക്കാസ്വദിച്ചീടുവാനായില്ല, കഷ്ടം!

ആ ദുഃഖമുള്ളിലൊതുക്കി, മനസ്സി-
ലോര്‍മ്മ നിധിയായി കാത്തുകൊണ്ടും
അമ്മ തന്‍ കാല്‍ക്കല്‍ നമിക്കുന്നു ഞാന്‍
എന്നുമനുഗ്രഹമേകിടണേ

Thursday, February 5, 2009

.......................ഫീനിക്സ്..............

മനസ്സിന്നുള്ളിലൊരഗ്നി പര്‍വതം പുകയുന്നുണ്ടേ-
തു നിമിഷവും തയ്യാറായ് ലാവ ഛര്ദിക്കുവാന്‍്
എന്നിട്ടും മുഖമണ്ഡലം തെളിയുന്നു പുഞ്ചിരി തന്‍
പൂത്തിരി വെളിച്ചത്താല്‍, അതാണ്‌ ഞാനെന്‍ സഖേ!

ഡെമോക്ലസിന്‍ വാളുപോലാടുന്നുണ്ട് തലയ്ക്കു മുകളില്‍
പ്രശ്നങ്ങളൊന്നല്ല, രണ്ടല്ല, അസംഖ്യമനവധി,എന്നിട്ടും
നേരമ്പോക്കിന്‍ മാലപ്പടക്കമുതിരുന്നു, പിന്നെ പരക്കുന്നു
ചിരിയുടെ പൊട്ടലും ചീറ്റലും ചുറ്റിലും, അതാണ്‌ ഞാനെന്‍ സഖേ!

കണ്ണിന്നതിര്‍ത്തി ലംഘിച്ചിട്ടൊഴുകാന്‍ തുടങ്ങും
മണിമുത്തിനെ അണ കെട്ടി നിര്‍ത്തീ നിര്‍ബന്ധമായ്
സ്വന്തം കാര്യകര്‍മങ്ങളില്‍ നിരതയായ് തള്ളിനീക്കുന്നു
ദിനം, തിളങ്ങും മിഴിയോടെ, അതാണ്‌ ഞാനെന്‍ സഖേ!

ഓഫീസില്‍ ഉത്തമയാം ഉദ്യോഗസ്ഥ
വീട്ടിലോ സ്നേഹസംപന്നയാമാമ്മ
പിരിമുറുക്കത്തിന്‍ ചുളിവുകള്‍ മറക്കാനെന്നോണ-
മൊരു ചന്ദനക്കുറി നെറ്റിയില്‍, അതാണ്‌ ഞാനെന്‍ സഖേ!

നിശയുടെയന്ധകാരത്തില്‍ അണപൊട്ടിയൊഴുകും
മിഴിനീരിന്നീര്‍പ്പവും തേങ്ങലും ഏറ്റു വാങ്ങുമെന്‍ ശയ്യാതലം
സ്വപ്നത്താലലംകൃതമൊരു നിദ്രാവസ്ഥയെ പുണര്‍ന്നിട്ടനന്തരം
കാലത്തുണര്‍ന്നീ നാടകം തുടരുന്നു, അതാണ്‌ ഞാനെന്‍ സഖേ !

ഇനി ഞാനുറങ്ങട്ടെ.

2001 ജനുവരിയിലാണ് ഗുജറാത്തില്‍ ഭൂമി കുലുക്കം ഉണ്ടായതു. അന്ന് republic ദിന ആഘോഷത്തിനു പോയ സ്കൂള്‍ കുട്ടികളും മരിച്ചിരുന്നു. ആ ഓര്‍മയില്‍ അന്ന് എഴുതിയ കവിതയാണ് . നിങ്ങളുമായി പങ്കു വെക്കാന്‍ ആഗ്രഹിക്കുന്നു.


ഇനി ഞാനുറങ്ങട്ടെ, നഷ്ട സ്വപ്നങ്ങള്‍ തന്റെ
ഭാരിച്ച ഭാണ്ട്ടതിനെ പുണര്‍ന്നും തഴുകിയും
ഊളിയിട്ടിരങ്ങിടാം സുഖ നിദ്രയാം കയ-
മൊന്നതിലെക്കു ചിന്തയോട്ടുമിലാതിന്നു.
ഇല്ല കാത്തിരിക്കുവാനാരെയുമീ രാത്രിയില്‍
അടയ്ക്കാം കതകുകള്‍, അണയ്ക്കാം വിളക്കുകള്‍.
ഗെഹമൊന്നിതില് ഞാനിന്നെകയായ് വാണീടുന്നു
ഊട്ടുവാനുറക്കുവാനാരുമില്ലലോ ചാരെ

നാളൊന്നു കഴിഞ്ഞില്ല ഞാനെന്റെ സല്പുത്രനെ
ലാളിച്ചും ശാസിച്ചിട്ടും വളര്‍ത്തിയതാണല്ലോ
ഒരു വ്യാഴവട്ടം മുന്പെന്‍ പ്രിയന്‍ വിട ചൊല്ലി
മറഞ്ഞാനുപെക്ഷിചിട്ടെന്നെയും മകനെയും
സ്വര്‍ഗത്തില്‍ വസിച്ചീടും ജഗദിശ്വരനിത്ര
സംപ്രീതി അവനോടു തോന്നുവാനറിഞ്ഞില്ല
ഭൂമിയില്‍ ഞാനുമൊന്നാം പിറന്നാളാഘോഷിച്ച
എന്നോമല്‍ കുട്ടനുമന്നേകരായ്! വിധിയിതോ?

എന്നിട്ടും തളര്‍ന്നില്ല, മരവിച്ചില്ല കൈകള്‍
വളര്‍ത്തി എന്‍ കുട്ടനെ കണ്ണുനീരൊഴുക്കാതെ
ഇന്നിപ്പോള്‍ അവനുണ്ടു ഓണങ്ങള്‍ പത്തും മൂന്നും പിരിഞ്ഞതില്ലയെന്നെ ഒരുനാളിതിരുവരെ

ഇന്നലെ ഇന്ത്യ തന്റെ റിപബ്ലിക്‌ ദിനത്തിങ്കല്‍
സ്കൂളാഷോഷങ്ങളില്‍ പന്കെടുക്കുവാനായി
പോയതാണല്ലോ കുട്ടന്‍ ഏഴര വെളുപ്പിനെ
മനസ്സു നിറയവേ കണ്ടതുപോലുമില്ല

പിന്നെയെപ്പോഴോ ഒരു മുപ്പതു മാത്ര നേരം
നമ്മുടെ ഭൂമിയൊന്നു കുലുങ്ങി ചെറുങ്ങനെ
ചിന്തിക്കുവാനുമൊന്നും മനസ്സിലാക്കുവാനും
ഇടയേ ലഭിച്ചില്ല, തീര്‍ന്നെല്ലാമതിന്‍ മുന്‍പെ

എന്റെ വീടിനേറ്റില്ല പോറലൊന്നുപോല്‍
തകര്‍ന്നതേറെ വീടും ഏറെ ജീവിതങ്ങളും
എണ്ണുവാനാവാത്തത്ര മാതാപിതാക്കന്മാരും
ബാലികാ ബാലന്മാരും പരലോകത്തെ പൂകി ഉണ്ണിക്കുട്ടനുമതിലൊരുവനായിപ്പോയി
മിണ്ടാതെ പറയാതെ എന്നെ വിട്ടവന്‍ പോയി

എത്രയെത്ര സ്വപ്‌നങ്ങള്‍ നെയ്തതാണെന്‍ മാനസ
തറിയില്‍ നിറമുള്ള ഊട് പാവുകളോടെ
കുട്ടന്റെ ജീവനറ്റ ദേഹത്തെ വീക്ഷിച്ചപ്പോള്‍
തകര്‍ന്നു പോയതെന്റെ സ്വപ്നവും ഹൃദയവും
വറ്റിപ്പോയ് കണ്ണീര്‍ ധാര, ഉണങ്ങിപ്പോയി കണ്‍കള്‍
മനസ്സു കരിങ്കല്ലായ് മാറ്റും ഞാനിന്നെങ്ങനെ

സന്ധ്യകളിരുട്ടായി മാറുന്ന വേളയിങ്കല്‍്
കളിച്ചു തളര്‍ന്നിട്ടു മടങ്ങില്ലെന്‍ കണ്മണി
വിശപ്പോടെന്‍ കയ്യിലെ ഉരുളയുണ്ണുകില്ല
താരാട്ടുപാട്ടും കേട്ടിട്ടരികത്തുറങ്ങില്ല

കാത്തിരിക്കുന്നതാരെയീ കാളരാത്രിയില്‍ ഞാന്‍ വിളക്കുമണച്ചിട്ടങ്ങുറങ്ങാന്‍ കിടക്കാലോ
ഇനി ഞാനുറങ്ങട്ടെ, നഷ്ട സ്വപ്നങ്ങള്‍ തന്റെ
ഖജനാവിനെ പുണര്‍ന്നുറങ്ങാം നിശ്ചിന്തയായ്
എന്നാലുമായീടുമോ എനിക്കിന്നുറങ്ങുവാന്‍
കണ്മുന്‍പില്‍ കാണുന്നതെന്‍ കുട്ടന്റെ രൂപം മാത്രം
വെളിയിലെത്ര പൈതങ്ങള്‍ അമ്മയില്ലാതെയുണ്ട്
എത്ര മാതാവിന്‍ മക്കളിന്നലെ മരിച്ചുപോയ്‌
ആ പിഞ്ചു പൈതങ്ങള്‍ക്ക് പാലൂട്ടിടുവാന്‍ പിന്നെ
ആ മാതാപിതാക്കള്‍ തന്‍ കണ്ണുനീര്‍ തുടക്കുവാന്‍
എന്റെ കൈകാലുകള്‍ക്കു ശക്തിയുള്ളിടത്തോളം
എങ്ങിനെ സാദ്ധ്യമാകുമെനിക്കിന്നുറങ്ങുവാന്‍

നാളത്തെ പ്രഭാതത്തെ കാത്തു ഞാനിരിക്കുന്നു കാര്യങ്ങളേറെയുന്‍ടു ചെയ്തു തീര്‍ക്കുവാനായി
വിളിച്ചിടുന്നു ലോകം എന്‍ കാര്യ ക്ഷമതയെ
ലോകദുഃഖത്തിന്‍ മുന്പിലെന്‍ ദുഃഖമെത്ര തുഛം
ഇല്ല കാത്തിരിക്കുവാനാരെയുമീ രാത്രിയില്‍
അടയ്ക്കാം കതകുകള്‍, അണയ്ക്കാം വിളക്കുകള്‍
കാത്തിരിക്കുന്നു ലോകം എന്നുടെ സഹായത്തെ
തുറക്കാം കതകുകള്‍ വീടിന്റെ മനസ്സിന്റെ
അമ്മമാരുടെ കണ്ണീര്‍ തുടക്കാന്‍ വരുന്നു ഞാന്‍
ഉണ്ണികളെയൂട്ടുവാനുറക്കാന്‍ വരുന്നു ഞാന്‍
ഉറങ്ങാമെനിക്കിന്നു ചിന്തയൊന്നുമില്ലാതെ
എങ്കിലുമുറങ്ങുവാനെനിക്കാകുന്നില്ലലോ
കുട്ടന്റെ കൂട്ടുകാരും അവര്‍ തന്നമ്മമാരും
കരയുന്നിടത്തോളം ഉറങ്ങുതെങ്ങനെ
നാളത്തെ പ്രഭാതത്തെ കാത്തു ഞാനിരിക്കുന്നു
കാര്യങ്ങളേറെയുന്‍ടു ചെയ്തു തീര്‍ക്കുവാനായി

ഹേമ