Sunday, June 28, 2009

ഒരു കൊച്ചു മോഹം

ഇടയ്ക്കിടെ കൊതി തോന്നുന്നു
വിധിയുടെ കാല്ച്ചങ്ങലകളെ, പൊട്ടിച്ചെറിഞ്ഞു
പരിപൂര്ണ സ്വതന്ത്രയാകുവാന്
എന്റെ വികാരങ്ങളെ മുഴുവന് മൂടി
എന്നെ ശ്വാസം മുട്ടിപ്പിക്കുന്ന
മൂടല് മഞ്ഞിന്റെ കട്ടിപുതപ്പില്
ഒരു ചെറിയ സുഷിരമുണ്ടാക്കുവാന്
ആ സുഷിരത്തിലൂടെ ശ്വാസം കഴിക്കുവാന്
വിശാലമായ നീലാകാശത്തിന്റെ ഒരു നേരിയ ഭാഗം
വീക്ഷിക്കുവാന് മനസ്സു കൊതിക്കുന്നു.

xxx xxx xxx xxx

ആ ആകാശം, ഇന്നലെ വരെ
എന്റെ പടിവാതില്ക്കല്നിന്നു
എന്നോട് പറയുമായിരുന്നു
വരൂ.........എന്റെ അടുത്തേക്ക് വരൂ......
നോക്കൂ, എന്റെ കൈവശം
ചന്ദ്രനുണ്ട്, നക്ഷത്രങ്ങളുണ്ട്
സുന്ദരമായ സ്വപ്നങ്ങളുണ്ട്
എല്ലാം നിനക്കു വേണ്ടി മാത്രം
കൊണ്ടുപോകൂ.......എല്ലാം കൊണ്ടുപോകൂ.....

xxx xxx xxx xxx

ഞാനൊന്നും എടുത്തില്ല
ചന്ദ്രനെയോ, നക്ഷത്രങ്ങളെയോ,
മറ്റു സുന്ദര സ്വപ്നങ്ങളെയോ സ്വന്തമാക്കിയില്ല.
പിന്നീട് അറിയില്ല
എന്റെ ആത്മാവിനു മുകളില്
ഈ ദുഃഖത്തിന്റെ കനത്ത പുതപ്പ്
ആരാണ് പുതപ്പിച്ചതെന്നു
വികാരങ്ങളെ ശ്വാസം മുട്ടിപ്പിക്കുന്ന കരിം പുതപ്പ്
ആ പുതപ്പിന്നുള്ളില് എന്റെ പൊട്ടിച്ചിരികള് മരവിച്ചു.
ചന്ദ്രനും നക്ഷത്രങ്ങളും പൊലിഞ്ഞുപോയി
ഓരോന്നോരോന്നായി സുന്ദര സ്വപ്നങ്ങളും മരിച്ചുവീണു

xxx xxx xxx xxx

ഇടയ്ക്കിടെ ആഗ്രഹം തോന്നുന്നു
തുറന്ന വായുവില് ശ്വാസം കഴിക്കുവാന്
ഒരു സ്വപ്നം നെയ്തുണ്ടാക്കുവാന്
പക്ഷെ.............
അറിയാം, അത് തെറ്റാണെന്ന്
എന്നിട്ടും...........
ഒരു തെറ്റ് ചെയ്യുവാന്
ഇടയ്ക്കിടെ കൊതി തോന്നുന്നു.

Saturday, June 20, 2009

പുത്ര ഭാഗ്യം

ഇരട്ടയായ്‌ പിറന്ന രണ്ടുണ്ണികളെ കണ്ടു ഞാന്‍
ഇന്നലെ യദൃശ്ചയാ ഒരു സുഹൃത്തിന്റെ വീട്ടില്‍
ഈരണ്ടു മാസം വീതം പ്രായമായാ കുഞ്ഞുങ്ങള്‍
ഇന്ബമായ്‌ കവര്ന്നല്ലോ എന്നുടെ മനം നൂനം.

മലര്‍ന്നു കിടന്നേറെ കൈകാലിട്ടടിച്ചിട്ടും
മധുരമായിടയ്ക്കിടെ പുഞ്ചിരി തൂകികൊണ്ടും
മാതാവിന്‍ മടിത്തട്ടില്‍ സ്ഥാനം പിടിച്ചു വേഗം
മുലയുണ്ണുവാന്‍ ധൃതി കാണിച്ചുകൊണ്ടുമവര്‍

അച്ഛനുമമ്മയേയും മുത്തശ്ശിയേയും പിന്നെ
അലസമായ്‌ സന്ദര്‍ശിക്കാന്‍ വരുന്ന കൂട്ടരെയും
അരുംയായ്‌ രസിപ്പിച്ചു കഴിക്കുന്നവര്‍ ദിനം
അത്ഭുതമൊന്നുമില്ലയെന്‍ മനം കവര്ന്നതില്‍.

പണ്ടത്തെയേതോ ഒരു കാലത്തിലെത്തീ ഞാനും
പഴയതാമോര്മകളെന്‍ ഹൃദയത്തിലല തല്ലി
പണ്ടേറെ ചെറുപ്പമായിരുന്ന കാലത്തിങ്കല്‍
പിറന്നതായിരുന്നുമെനിക്കുമിരട്ടകള്‍

വളര്‍ച്ച മുഴുമിക്കാതെ പുറത്തു കടന്നവര്‍
വളരെ ശ്രമിച്ചല്ലോയവരെ രക്ഷിക്കുവാന്‍
വിധാതാവിന്റെ വിധി തടുക്കാനായീടുമോ
വന്നിടത്തേക്കു തന്നെ തിരിച്ചു പോയീയവര്‍.

അഞ്ചാറു ദിനങ്ങളീ ഭൂമിയിലിരുന്നിട്ടും
അമ്മ തന്‍ കരലാളനമറിഞ്ഞതില്ലയവര്‍
അമ്മിഞ്ഞപ്പാലൂട്ടുവാന്‍, അരികത്തുറക്കുവാന്‍
അമ്മക്ക് ഭാഗ്യമില്ലാതായിപ്പോയ്‌, എന്ത് ചെയ്‌വാന്‍?

മറവിതന്‍ മണിച്ചെപ്പില്‍ മൂടിവെച്ചൊരോര്മകള്‍
മങ്ങാതെ തെളിഞ്ഞെന്റെ മനസ്സില്‍ വന്നുവെന്നോ?
മാതാപിതാക്കന്മാര്‍ തന്‍ കണ്ണിലുണ്ണികളായ
മക്കള്‍ക്ക്‌ ദീര്‍ഘായുസ്സു നല്‍ക നീ ജഗദീശാ!