Tuesday, March 10, 2009

ആകാശത്തിനാരു ചായമടിക്കും?

എന്‍റെ മേശ ഒരു ജനലിന്നടുത്താണ്.
ജനലിലൂടെ എനിക്ക് വിശാലമായ ആകാശം കാണാം.
യുവ വിധവയുടെ, സിന്ദൂരപൊട്ടില്ലാത്ത നെറ്റി പോലെ
ശൂന്യമായ ആകാശം
മഷിയെഴുതാത്ത കണ്ണുകള്‍ പോലെ
മേഘങ്ങളും വെള്ളമില്ലാതെ വിളര്‍ത്തിരിക്കുന്നു.
രക്തവര്‍ണം വാര്‍ന്നൊഴുകിയ കവിളുകള്‍ പോലെ
ജീവസ്സില്ലാത്ത ആകാശം, കണ്ണെത്താവുന്നിടത്തോളം
ആകുമോ ഇന്നാര്‍ക്കെങ്കിലും, ഇതിനെ വര്ണാഭമാക്കുവാന്‍?

ആശയുടെ ആയിരം വര്ണങ്ങളാല്‍
സന്തോഷത്തിന്റെ തിളക്കമാര്‍ന്ന കുങ്കുമഛവിയാല്‍
അസ്വസ്ഥതയുടെ വിവര്‍ണമായ ചാരനിറത്തിനു പകരം
പക്വതയുടെ ആഴമുള്ള നീലനിറത്താല്‍
അസാദ്ധൃമൊന്നുമല്ല ഈ വാനത്തിനെ നിറം പിടിപ്പിക്കുവാന്‍
പക്ഷെ ഉണ്ടോ ആരെങ്കിലുമീ
സാഹസത്തിനു തുനിയുവാന്‍?

സംരക്ഷിക്കാനൊരു നാഥനില്ലെന്കിലോ
വാനവും ഭൂമിയുമെല്ലാം അനാഥര്‍ താന്‍
നക്ഷ്ത്രകുഞ്ഞുങ്ങളെയും, ചന്ദ്ര സൂര്യ മാതാപിതാക്കളെയും
രക്ഷിക്കുമെങ്ങിനെ അബലയാം വാനിടം
അഭിമാനത്തോടെ നിവര്‍ന്നു നിന്നീടുവാന്‍
തുണയാരു നല്‍കുമാ ഗഗനമാം പെണ്ണിന്
കണ്ണീരു പോലെയൊഴുകും മഴത്തുള്ളി
ഒപ്പിയെടുക്കുവാനേതുണ്ട് കയ്യുകള്‍?
മൌഢ്യയാം ആകാശം തന്‍റെ മുഖത്തിനു
മിന്നലിന്‍ മന്ദഹാസം നല്‍കുമേതിന്ദ്രന്‍?

കാന്‍വാസും തൂലികയും ചായക്കൂട്ടുമായ്
വരുമോ ഒരഞ്ജാത ചിത്രകാരന്‍?
എന്നെ നീ സുന്ദരിയാക്കൂയെന്നിങ്ങനെ
വാനിടം ചൊല്ലിടാമൊരിക്കല്‍ പോലും
തീരുമാനത്തിന്‍റെ ഉത്തരവാദിത്വം
കേവലം ചിത്രകാരന്‍ തന്നിലോ?
ക്ഷാമമില്ലയിന്നിവിടെ എന്‍ കൂട്ടരേ
ഭാവനകള്‍ക്കും നിറക്കൂട്ടിനും
ഉണ്ടല്ലോ ക്ഷാമമൊരു ചിതകാരന്റെ
അറിയുമെങ്കില്‍ ചൊല്ലൂ കൂട്ടുകാരെ!
ഈ വര്‍ണമില്ലാത്ത വാനം ചുവപ്പിക്കാന്‍
ഇവിടെ വന്നെത്തുമോ ആരെങ്കിലും.........?

Saturday, March 7, 2009

ജീവിത യാത്ര


നതോന്നത വൃത്തത്തില്‍ ഒരു പരീക്ഷണം. വഞ്ചിപാട്ടിന്റെ രീതിയാണ്.

അമ്മതന്‍ ഗര്‍ഭത്തില്‍ നിന്നും തുടങ്ങുന്നേ പ്രയാണവും
എമ്മട്ടിലായെവിടെചെന്നവസാനിയ്ക്കും
നമ്മള്‍ക്കില്ലയതിന്റെയോരെകദേശ രൂപംപോലും
തമ്മില്‍ തല്ലാതെ ജീവിയ്ക്കാന്‍ പഠിക്കാം നമ്മള്‍.

ജന്മജന്മാന്തരങ്ങളായ് ആത്മാവലയുകയല്ലോ
ജന്മം മനുഷ്യന്റെയൊന്നു ലഭിച്ചിടുവാന്‍
ജന്മമിതങ്ങേറെ ധന്യം, വ്യര്ത്ഥമായി കളയായ്ക
ജന്മ സാഫല്യത്തിനായി കര്‍മം ചെയ്തീടാം

ജീവിതപ്രയാണത്തിന്റെ ലക്ഷ്യത്തിലേക്കെത്തിചേരാന്‍
ജീവികള്‍ക്ക് യാതനകള്‍ സഹിയ്ക്ക വേണം.
ജീവിതത്തിന്‍ യാത്രയിതു സുഖ-ദുഃഖ സമ്മിശ്രമായ്
ജീവിതാന്ത്യം വരെ നീട്ടി കൊണ്ടു പോകേണം

ആഴക്കടലിന്‍ നടുവിലിരുട്ടത്തു സഞ്ചരിയ്ക്കെ,
ആഴത്തില്‍ തുഴഞ്ഞിടേണം, കര കയറാന്‍
വേഴാമ്പലിന്‍ മനസ്സിന്റെ യാത്രയെന്നും ജലത്തിനായ്‌
എഴയായി കരഞ്ഞീടില്‍ ദാഹം മാറുമോ?

സദ്ഗുണ സമ്പന്നനായി യാത്ര നയിച്ചീടുവാനും
സദ്‌ മൊഴികള്‍ മാത്രമെന്നുമുര ചെയ്‌വാനും
സത്വനായ ഗുരുവിന്റെയനുഗ്രഹമെന്നും വേണം,
സര്‍വ ലോകേശ്വരനും കാത്തീടുക വേണം.

Sunday, March 1, 2009

രാവണന്‍ ഇന്നും ജീവിച്ചിരിക്കുന്നു.

സ്വന്തം സഹോദരിയുടെ
മുലയും മൂക്കും മുറിഞ്ഞതുകൊണ്ട്
ഏതൊരു പുരുഷന്‍റെ ആത്മാഭിമാനത്തിനാണോ
പരുക്കേല്‍ക്കാത്തത്,
ആ പുരുഷന്‍, രാവണനാവാന്‍ വഴിയില്ല.

സ്വന്തം കുടുംബത്തിനേറ്റ അപമാനത്തിന്‍റെ
പകരം ചോദിയ്ക്കാന്‍
(ശത്രു സാക്ഷാല്‍ ഭഗവാനാണെന്കില്‍ പോലും)
ശത്രുവിന്റെ ബുദ്ധിയോടു
എതിരിടാന്‍ ധൈര്യമില്ലാത്തവന്‍
രാവണനാവാന്‍ വഴിയില്ല.

നിറഞ്ഞ സദസ്സില്‍
സ്വന്തം സഹോദരിയുടെയോ
പുത്രിയുടെയോ
വസ്ത്രാക്ഷേപം ചെയ്യാന്‍
കയ്യുയര്‍ത്തുന്ന ശത്രുവിനെ
നപുംസകത്തിനെപോലെ
മുട്ടുകുത്തി നിന്ന് പ്രണാമം ചെയ്യുകയും
സാഷ്ടാംഗം നമസ്കരിക്കുകയും ചെയ്യുന്ന
വ്യക്തി രാവണനാവാന്‍ വഴിയില്ല.

പക്ഷെ, സ്വന്തം അഭിമാനത്തെ
മുഴുവന്‍ ലോകത്തിനു മുമ്പില്‍
വൃണമേല്‍പ്പിക്കുന്ന ശത്രുവിന്‍റെ
മരുമകളേയോ, മകളേയോ
വലിച്ചിഴച്ചു
സ്വന്തം മുറ്റത്ത്‌ കൊണ്ടുവന്നുനിര്‍ത്തി
എങ്കിലും
അവളുടെ മാനത്തെ അപഹരിക്കാത്ത
സംസ്കാരമുള്ള, പൌരുഷമുള്ള
വ്യക്തി രാവണനല്ലാതെ, വേറാരുമല്ല.

നിറഞ്ഞ സദസ്സില്‍
ദ്രൌപദിയുടെ വസ്ത്രാക്ഷേപം കണ്ടു
സ്വന്തം തുടയിലടിച്ചു അട്ടഹസിച്ചു ചിരിച്ച
ദുര്യോധനന്റെ തുടയടിച്ചു പൊട്ടിക്കാന്‍
ശപഥം ചെയ്യുകയും
പിന്നീടതുതന്നെ ചെയ്യുകയും ചെയ്ത
ഭീമനെപ്പോലത്തെ യോദ്ധാവ്‌
രാവണനാവാന്‍ വഴിയുണ്ട്.

രാവണന്‍റെ രാജ്യത്തില്‍
രാജാവും കരയുന്നില്ല
പ്രജകളും കരയുന്നില്ല
ഇവിടെ രാവണന്‍റെ നിയമത്തെ
വിരോധിക്കുന്ന നിയമം മാത്രമേ
കരയുന്നുള്ളു, കാരണം
രാവണന്‍ ഒരു സംസ്കാരമാണ്
രാവണന്‍ ഒരു നിയമമാണ്,
രാവണന്‍ ഒരു വിചാരധാരയാണ്,
രാവണന്‍ ഒരു സാമ്രാജ്യമാണ്‌.

രാവണന്‍ ഒരു ജീവിയല്ല,
രാവണന്‍ ഒരു വിശ്വാസമാണ്
മനുഷ്യമനസ്സില്‍ നിരന്തരമായി
ചലിച്ചുകൊണ്ടിരിക്കുന്ന
പുണ്യത്തിന്റെയും, പാപത്തിന്‍റെയും
പരമോന്നതിയാണ് രാവണന്‍
വിശ്വാസത്തിന്റെയും, വ്യവസ്ഥയുടെയും
ഒരു സമ്മേളനമാണ്‌ രാവണന്‍.

ഋതുക്കളെപ്പോലെ
നിരന്തരമായി മാറിവരുന്ന അവസ്ഥപോലെ
ചിലപ്പോള്‍ ശിശിരം
ചിലപ്പോള്‍ വസന്തം
ചിലപ്പോള്‍ ചുട്ടുപഴുത്ത വേനലെങ്കിലോ
മറ്റു ചിലപ്പോള്‍ പെയ്തൊഴിയുന്ന മഴക്കാലം
രാവണന്‍ ഇതെല്ലാം തന്നെയല്ലേ?

രാവണന്‍ രണ്ടല്ല,
ഇരുപതു കണ്ണുകള്‍ കൊണ്ട് വീക്ഷിക്കുന്നു
ശത്രുവിനെ, മിത്രത്തിന്റെ സ്നേഹത്തിനെ.
അപ്പോള്‍ ഉയരും അവന്റെ കയ്യുകള്‍
ഒന്നല്ല, രണ്ടല്ല, ഇരുപതു കയ്യുകള്‍(ഇരുപതു)
ശത്രുവിന് നേരെ ശത്രുവായും
മിത്രത്തിനു നേരെ മിത്രമായും
രണ്ടല്ല, ഇരുപതു കയ്യുകള്‍ ഉയരുന്നു,
രക്ഷിക്കാനായാലും, ശിക്ഷിക്കാനായാലും.


ശത്രുവിനെ കുറിച്ചും, മിത്രത്തിനെ കുറിച്ചും
രാവണന് പ്രത്യേകം നിര്‍വചനമുണ്ട്,
സ്വന്തമായ ഒരു മാനദണ്ഡമുണ്ട്,
രാവണന്‍ ആരെയും മിത്രമായി കണക്കാക്കുന്നില്ല,
കാരണം,
മിത്രതയ്ക്ക് പരസ്പര വിശ്വാസത്തിന്‍റെ
ആവശ്യമുണ്ട്
അതേപോലെ,
വിശ്വാസത്തില്‍ ഇപ്പോഴും
വിശ്വാസ വഞ്ചനക്കുള്ള
പഴുതുകളുമുണ്ട്
രാവണന്‍ വിശ്വാസവഞ്ചനയുടെ
ഒരു ജനല്‍ പോലും,
തുറന്നിടാന്‍ ആഗ്രഹിക്കുന്നില്ല,
സമ്മതിക്കുന്നില്ല.
രാവണന്‍ വിശ്വാസത്തിന്‍റെ
വിശ്വസനീയതയില്‍
ഒരിക്കലും വിശ്വസിക്കുന്നില്ല.

അദ്ദേഹത്തിന്‍റെ ശത്രു
അദ്ദേഹത്തിനു വിരോധമുള്ള
വ്യക്തിയല്ല,
വിപരീതമായ വിശ്വാസമാണ്
അദ്ദേഹത്തിന്റെ നിലപാടില്‍
വിപ്ലവകരമായ ആശയങ്ങളും ഉണ്ട്,
സ്വന്തം ആദര്‍ശങ്ങളിലും,
സ്വന്തം കൈകളുടെ ശക്തിയിലുമല്ലാതെ
മറ്റൊന്നിലും അദ്ദേഹം വിശ്വസിക്കുന്നില്ല.

ഓരോ വ്യക്തിയുടെ ഉള്ളിലും
രാവണന്‍ ഒരു ചിന്തയായി കടന്നുകൂടാറുണ്ട്.
രാവണന്‍ ഒരിക്കലും മരിക്കുന്നില്ല
വീണ്ടും വീണ്ടും അവതരിക്കുന്നത്
ഭഗവാനാണല്ലൊ,
ഇടയ്ക്ക് കൃഷ്ണനും, ഇടയ്ക്ക് രാമനുമായ് മാറി
ഇതേ കാരണം കൊണ്ട് തന്നെയാണ്
രാമന്‍ രാവണനെ വധം ചെയ്യുന്നതും
എങ്കിലും രാവണത്വം എപ്പോഴും രക്ഷപ്പെടുന്നു.
അടിത്തറ നിലനില്‍ക്കുന്നു,
ഇടിഞ്ഞു വീഴുന്നത് മേല്‍കൂര മാത്രം.

കാരണം രാവണന്‍ ഒരു സംസ്കാരമാണ്‌
ആ സംസ്കാരം വീണ്ടും വീണ്ടും രക്ഷപ്പെടുന്നു.
ഒരിക്കല്‍ ജനങ്ങള്‍ ആ സംസ്കാരത്തെ സ്വന്തമാക്കിയാല്‍
പിന്നീടത്‌, ഒരിക്കലും നശിക്കാനിടയില്ലല്ലോ!
അതിനാല്‍,
രാവണന്‍ ഇന്നും ജീവിച്ചിരിക്കുന്നു
നാളെയും ഉണ്ടാവും
ലോകമെത്ര കാലമുണ്ടാകുമോ
അത്രയും കാലം രാവണന്‍ ജീവിച്ചിരിക്കും.

ഹേമന്ത ഫുല്ലസ്മിതം...!

ജീവിതയാത്രയിതാരോ വരച്ചിട്ടു
പോവുന്നു, പോകാതെ വയ്യാ നിനക്കുകില്‍
പാഴല്ല ജീവനില്‍ തൊട്ടേ കടന്നു പോം
വാഴ്വിന്‍ വിചിത്രമാം വേഷങ്ങള്‍, യാത്രകള്‍

കേഴാതെ കാഴ്ചകള്‍ കണ്ടു കാല്‍വപ്പുകള്‍ -
ക്കേവം കരുത്തു മിഴിവും ചമയ്ക്കുവാന്‍
ആവുന്നൊരാര്‍ജ്ജവം വേണ്ടുവോളം തൊട്ടു
വേവും വ്യഥകളും തീര്‍ക്കും വരികളില്‍
കാണുന്നു! കയ്പ്പും മധുരമായ് തീര്‍ക്കുന്നൊ-
രീണവും താളവും ചേര്‍ക്കുന്ന ജീവതം !
കാണട്ടെ,യെന്നും കണക്കറ്റൊരുണ്‍മയും
വെണ്‍മയും ചലിച്ചു ചേര്‍ത്ത നേര്‍രേഖകള്‍
കാലം വരയ്ക്കാന്‍ മടിയ്ക്കും , മടുക്കേണ്ട
ചേലില്‍ വരയ്ക്ക നാം വേഷങ്ങള്‍ യാത്രകള്‍

ജീവിതയാത്രയിലൊന്നും വിടാതെ
വീണ്‍ വാക്കുകള്‍ ചൊല്ലിക്കനപ്പിച്ചു കാട്ടാതെ,
കാട്ടുന്ന ജീവിത ചിത്രമിന്നാ കമ്ര
ഹേമന്ത ഫുല്ലസ്മിതം തൂവി നില്‍ക്കുന്നു.!