Tuesday, March 10, 2009

ആകാശത്തിനാരു ചായമടിക്കും?

എന്‍റെ മേശ ഒരു ജനലിന്നടുത്താണ്.
ജനലിലൂടെ എനിക്ക് വിശാലമായ ആകാശം കാണാം.
യുവ വിധവയുടെ, സിന്ദൂരപൊട്ടില്ലാത്ത നെറ്റി പോലെ
ശൂന്യമായ ആകാശം
മഷിയെഴുതാത്ത കണ്ണുകള്‍ പോലെ
മേഘങ്ങളും വെള്ളമില്ലാതെ വിളര്‍ത്തിരിക്കുന്നു.
രക്തവര്‍ണം വാര്‍ന്നൊഴുകിയ കവിളുകള്‍ പോലെ
ജീവസ്സില്ലാത്ത ആകാശം, കണ്ണെത്താവുന്നിടത്തോളം
ആകുമോ ഇന്നാര്‍ക്കെങ്കിലും, ഇതിനെ വര്ണാഭമാക്കുവാന്‍?

ആശയുടെ ആയിരം വര്ണങ്ങളാല്‍
സന്തോഷത്തിന്റെ തിളക്കമാര്‍ന്ന കുങ്കുമഛവിയാല്‍
അസ്വസ്ഥതയുടെ വിവര്‍ണമായ ചാരനിറത്തിനു പകരം
പക്വതയുടെ ആഴമുള്ള നീലനിറത്താല്‍
അസാദ്ധൃമൊന്നുമല്ല ഈ വാനത്തിനെ നിറം പിടിപ്പിക്കുവാന്‍
പക്ഷെ ഉണ്ടോ ആരെങ്കിലുമീ
സാഹസത്തിനു തുനിയുവാന്‍?

സംരക്ഷിക്കാനൊരു നാഥനില്ലെന്കിലോ
വാനവും ഭൂമിയുമെല്ലാം അനാഥര്‍ താന്‍
നക്ഷ്ത്രകുഞ്ഞുങ്ങളെയും, ചന്ദ്ര സൂര്യ മാതാപിതാക്കളെയും
രക്ഷിക്കുമെങ്ങിനെ അബലയാം വാനിടം
അഭിമാനത്തോടെ നിവര്‍ന്നു നിന്നീടുവാന്‍
തുണയാരു നല്‍കുമാ ഗഗനമാം പെണ്ണിന്
കണ്ണീരു പോലെയൊഴുകും മഴത്തുള്ളി
ഒപ്പിയെടുക്കുവാനേതുണ്ട് കയ്യുകള്‍?
മൌഢ്യയാം ആകാശം തന്‍റെ മുഖത്തിനു
മിന്നലിന്‍ മന്ദഹാസം നല്‍കുമേതിന്ദ്രന്‍?

കാന്‍വാസും തൂലികയും ചായക്കൂട്ടുമായ്
വരുമോ ഒരഞ്ജാത ചിത്രകാരന്‍?
എന്നെ നീ സുന്ദരിയാക്കൂയെന്നിങ്ങനെ
വാനിടം ചൊല്ലിടാമൊരിക്കല്‍ പോലും
തീരുമാനത്തിന്‍റെ ഉത്തരവാദിത്വം
കേവലം ചിത്രകാരന്‍ തന്നിലോ?
ക്ഷാമമില്ലയിന്നിവിടെ എന്‍ കൂട്ടരേ
ഭാവനകള്‍ക്കും നിറക്കൂട്ടിനും
ഉണ്ടല്ലോ ക്ഷാമമൊരു ചിതകാരന്റെ
അറിയുമെങ്കില്‍ ചൊല്ലൂ കൂട്ടുകാരെ!
ഈ വര്‍ണമില്ലാത്ത വാനം ചുവപ്പിക്കാന്‍
ഇവിടെ വന്നെത്തുമോ ആരെങ്കിലും.........?

1 comment: