Wednesday, April 1, 2009

മഴക്കാലത്തിന്റെ ഓര്‍മ്മകള്‍

പെട്ടെന്നൊരു മഴയിന്നു വന്നു
കൊട്ടിഘോഷിക്കാതെ , ശാന്തമായി
ചുട്ടുപഴുത്തൊരു ഭൂമിയെ നീ
തൊട്ടുതലോടുവാന്‍ വന്നതാണോ?

കുതിരുന്ന മണ്ണിന്‍റെ ഗന്ധമെന്നെ
പൊതിയുന്നു വീഞ്ഞിന്‍ലഹരി പോലെ
മദമേറുമാ ഗന്ധമാസ്വദിക്കെ
കൊതി തോന്നും പാടുവാനാടുവാനും

മഴയില്‍ നനയുവാനാഗ്രഹിക്കും
മനസ്സിന്റെ മോഹത്തെയെന്തു ചെയ്യും
മഴതുള്ളി ചിന്നിചിതറിടുമ്പോള്‍
മനസ്സിലും തുടിതാളമുയരുന്നുവോ?

ഒരു കുടക്കീഴിലായ് തോഴനൊത്തി-
ട്ടീറനായ് ചേര്‍ന്നുനടന്നതെല്ലാം
ഒരു കുറിയോര്‍ക്കുന്നുവീണ്ടു മിന്നീ-
യരുമയാം മഴയുടെയാരവത്താല്‍

ഓട്ടിന്‍ പുറത്തൊരു താളത്തോടെ
ഒച്ചയുണ്ടാക്കും മഴത്തുള്ളികള്‍
ഒപ്പമതുകേട്ടിട്ടാസ്വദിക്കും
ഓര്‍ക്കുംപോളിന്നും രസമല്ലയോ ?

1 comment:

  1. നന്നായിട്ടുണ്ട് ഹേമേ.... മഴ എല്ലാവര്‍ക്കും ഒരു ഹരമാണല്ലോ.... ആ അനുഭൂതി ചോര്‍ന്നു പോകാതെ അവതരിപ്പിച്ചിട്ടുണ്ട്‌...

    ReplyDelete