Monday, April 13, 2009

പ്രവാസി വിഷുക്കണി

കേരളത്തില്‍ വിഷു ആകുമ്പോഴേക്കും കൊന്ന പൂക്കും, പക്ഷെ ഡല്‍ഹിയില്‍ കുറച്ചു കാലം കൂടി കഴിഞ്ഞേ ആ പൂക്കള്‍ ഉണ്ടാവൂ. അതേപോലെ, വെള്ളരിക്കയും ഇവിടെ കിട്ടാന്‍ പ്രയാസമാണ്. അങ്ങിനെയുള്ള സന്ദര്‍ഭത്തില്‍ ഡല്‍ഹിയിലെ ഒരു വീട്ടമ്മ എങ്ങിനെയാണ് വിഷുക്കണി ഒരുക്കുക എന്ന് നമ്മള്‍ക്കൊന്നു നോക്കാം.


മേടമാസം വന്നാല്‍ വിഷുവും വരും, പക്ഷെ
കണിയൊരുക്കീടുന്നതെങ്ങിനെ ഞാന്‍
കണിവെള്ളരിക്കയും കൊന്നപ്പൂവുമില്ല
കണിയൊരുക്കീടുവാനുരുളിയില്ല

മേടമാസം വന്നാല്‍ കേരളത്തില്‍ സൂര്യന്‍
ഉച്ചസ്ഥനാകയാല്‍ കൊന്ന പൂക്കും
ഡെല്‍ഹിയെന്നീ മഹാനഗരത്തിലെ കൊന്ന
പൂക്കുവാന്‍ പിന്നെയും നാള്‍ പിടിക്കും

സ്വര്‍ണവര്‍ണമാര്‍ന്ന വെള്ളരിക്കകളോ
കേരളത്തിലേറെ ലഭ്യമല്ലോ
എന്നാലോ ഡെല്‍ഹിയില്‍ഹരിത വര്‍ണമാര്‍ന്ന
കീരയില്‍* സന്തുഷ്ടരാകും ഞങ്ങള്‍.

എങ്കിലും കണി വേണം വിഷുവിന്‍ പുലരിയില്‍
എന്നുടെ മക്കള്‍ക്ക്‌ കാണിക്കാനായ്
അമ്മ തന്‍ ബാല്യത്തിന്‍ മാതൃകയെങ്കിലും
അരുമകിടാങ്ങളറിഞ്ഞിടേണ്ടേ?

ആട്ട കുഴയ്ക്കുന്ന സ്റ്റീലിന്റെ തട്ടത്തില്‍
പൊന്നിന്‍ കസവുള്ള മുണ്ടു വെച്ചു
ദേഹത്തിലണിയുവാന്‍ താത്പര്യമില്ലാത്ത
പൊന്നിന്റെ നെക്ലേസും മീതെ വെച്ചു

മാങ്ങയും ചക്കയും പഴവും വെച്ചു
തേങ്ങമുറികളൊരുക്കി വെച്ചു
വെള്ളി തന്‍ നാണയം നന്നായ് മിനുക്കീട്ടു
വേറിട്ടു സന്തുഷ്ട്ടിയോടെ വെച്ചു

വീടിന്‍ ടെറസ്സില്‍ ഞാന്‍ നട്ടു വളര്‍ത്തുന്ന
ചട്ടിയിലെ പൂക്കള്‍ കൊണ്ടുവന്നു
വെള്ളരിക്കയ്ക്ക് പകരമായ് കീരയെ
കുണ്ഠിതത്തോടെ കണിയ്ക്കു വെച്ചു

അമ്പാടികണ്ണന്ടെ പടത്തിനു മുമ്പിലായ്
അഞ്ചുതിരിയിട്ട വിളക്കു വെച്ചു
കണ്ണാടി വെച്ചു, കരിമഷിയും
കുംകുമ ചെപ്പതു വേറെ വെച്ചു.

കാലേയുണര്‍ന്നു വിളക്കു കത്തിച്ചിട്ടു
കുട്ടികളെയും വിളിച്ചുണര്‍ത്തി
കണ്ണു തുറക്കാതെ കൊണ്ടുവന്നൂ, പിന്നെ
കണ്ണു തുറന്നു കണി കാണിച്ചു

കണി കണ്ടു, പിന്നെ കൈനീട്ടം കിട്ടി
കുട്ടികളേറെ സന്തുഷ്ട്ടരായീ
മക്കള്‍ തന്‍ സന്തോഷം കണ്ടപ്പോഴെന്നിലെ
മാതൃ ഹൃദയവും സന്തുഷ്ടമായ്!
*കീര എന്ന് പറഞ്ഞാല്‍ വെള്ളരിക്ക പൂവല്‍ പോലെ ഒരു കായ
first | < previous | next > | last
report spam reply

4 comments:

  1. കീര എങ്കില്‍ കീര... വിഷു സന്തോഷത്തോടെ ആഘോഷിയ്ക്കുന്നതിലല്ലേ കാര്യം?

    വിഷു ആശംസകള്‍! :)

    ReplyDelete
  2. ഹൃദയത്തില്‍ പൂത്തകണിക്കൊന്നപോരേ
    ലോകത്തെവിടേയും മലയാളിക്കു കണിയൊരുക്കാന്‍....
    പുതുമയുള്ള കവിത...ആശംസകള്‍....

    ReplyDelete