Saturday, March 7, 2009

ജീവിത യാത്ര


നതോന്നത വൃത്തത്തില്‍ ഒരു പരീക്ഷണം. വഞ്ചിപാട്ടിന്റെ രീതിയാണ്.

അമ്മതന്‍ ഗര്‍ഭത്തില്‍ നിന്നും തുടങ്ങുന്നേ പ്രയാണവും
എമ്മട്ടിലായെവിടെചെന്നവസാനിയ്ക്കും
നമ്മള്‍ക്കില്ലയതിന്റെയോരെകദേശ രൂപംപോലും
തമ്മില്‍ തല്ലാതെ ജീവിയ്ക്കാന്‍ പഠിക്കാം നമ്മള്‍.

ജന്മജന്മാന്തരങ്ങളായ് ആത്മാവലയുകയല്ലോ
ജന്മം മനുഷ്യന്റെയൊന്നു ലഭിച്ചിടുവാന്‍
ജന്മമിതങ്ങേറെ ധന്യം, വ്യര്ത്ഥമായി കളയായ്ക
ജന്മ സാഫല്യത്തിനായി കര്‍മം ചെയ്തീടാം

ജീവിതപ്രയാണത്തിന്റെ ലക്ഷ്യത്തിലേക്കെത്തിചേരാന്‍
ജീവികള്‍ക്ക് യാതനകള്‍ സഹിയ്ക്ക വേണം.
ജീവിതത്തിന്‍ യാത്രയിതു സുഖ-ദുഃഖ സമ്മിശ്രമായ്
ജീവിതാന്ത്യം വരെ നീട്ടി കൊണ്ടു പോകേണം

ആഴക്കടലിന്‍ നടുവിലിരുട്ടത്തു സഞ്ചരിയ്ക്കെ,
ആഴത്തില്‍ തുഴഞ്ഞിടേണം, കര കയറാന്‍
വേഴാമ്പലിന്‍ മനസ്സിന്റെ യാത്രയെന്നും ജലത്തിനായ്‌
എഴയായി കരഞ്ഞീടില്‍ ദാഹം മാറുമോ?

സദ്ഗുണ സമ്പന്നനായി യാത്ര നയിച്ചീടുവാനും
സദ്‌ മൊഴികള്‍ മാത്രമെന്നുമുര ചെയ്‌വാനും
സത്വനായ ഗുരുവിന്റെയനുഗ്രഹമെന്നും വേണം,
സര്‍വ ലോകേശ്വരനും കാത്തീടുക വേണം.

1 comment:

  1. ചിന്തിപ്പിക്കുന്ന വരികള്‍..

    ReplyDelete