Sunday, March 1, 2009

രാവണന്‍ ഇന്നും ജീവിച്ചിരിക്കുന്നു.

സ്വന്തം സഹോദരിയുടെ
മുലയും മൂക്കും മുറിഞ്ഞതുകൊണ്ട്
ഏതൊരു പുരുഷന്‍റെ ആത്മാഭിമാനത്തിനാണോ
പരുക്കേല്‍ക്കാത്തത്,
ആ പുരുഷന്‍, രാവണനാവാന്‍ വഴിയില്ല.

സ്വന്തം കുടുംബത്തിനേറ്റ അപമാനത്തിന്‍റെ
പകരം ചോദിയ്ക്കാന്‍
(ശത്രു സാക്ഷാല്‍ ഭഗവാനാണെന്കില്‍ പോലും)
ശത്രുവിന്റെ ബുദ്ധിയോടു
എതിരിടാന്‍ ധൈര്യമില്ലാത്തവന്‍
രാവണനാവാന്‍ വഴിയില്ല.

നിറഞ്ഞ സദസ്സില്‍
സ്വന്തം സഹോദരിയുടെയോ
പുത്രിയുടെയോ
വസ്ത്രാക്ഷേപം ചെയ്യാന്‍
കയ്യുയര്‍ത്തുന്ന ശത്രുവിനെ
നപുംസകത്തിനെപോലെ
മുട്ടുകുത്തി നിന്ന് പ്രണാമം ചെയ്യുകയും
സാഷ്ടാംഗം നമസ്കരിക്കുകയും ചെയ്യുന്ന
വ്യക്തി രാവണനാവാന്‍ വഴിയില്ല.

പക്ഷെ, സ്വന്തം അഭിമാനത്തെ
മുഴുവന്‍ ലോകത്തിനു മുമ്പില്‍
വൃണമേല്‍പ്പിക്കുന്ന ശത്രുവിന്‍റെ
മരുമകളേയോ, മകളേയോ
വലിച്ചിഴച്ചു
സ്വന്തം മുറ്റത്ത്‌ കൊണ്ടുവന്നുനിര്‍ത്തി
എങ്കിലും
അവളുടെ മാനത്തെ അപഹരിക്കാത്ത
സംസ്കാരമുള്ള, പൌരുഷമുള്ള
വ്യക്തി രാവണനല്ലാതെ, വേറാരുമല്ല.

നിറഞ്ഞ സദസ്സില്‍
ദ്രൌപദിയുടെ വസ്ത്രാക്ഷേപം കണ്ടു
സ്വന്തം തുടയിലടിച്ചു അട്ടഹസിച്ചു ചിരിച്ച
ദുര്യോധനന്റെ തുടയടിച്ചു പൊട്ടിക്കാന്‍
ശപഥം ചെയ്യുകയും
പിന്നീടതുതന്നെ ചെയ്യുകയും ചെയ്ത
ഭീമനെപ്പോലത്തെ യോദ്ധാവ്‌
രാവണനാവാന്‍ വഴിയുണ്ട്.

രാവണന്‍റെ രാജ്യത്തില്‍
രാജാവും കരയുന്നില്ല
പ്രജകളും കരയുന്നില്ല
ഇവിടെ രാവണന്‍റെ നിയമത്തെ
വിരോധിക്കുന്ന നിയമം മാത്രമേ
കരയുന്നുള്ളു, കാരണം
രാവണന്‍ ഒരു സംസ്കാരമാണ്
രാവണന്‍ ഒരു നിയമമാണ്,
രാവണന്‍ ഒരു വിചാരധാരയാണ്,
രാവണന്‍ ഒരു സാമ്രാജ്യമാണ്‌.

രാവണന്‍ ഒരു ജീവിയല്ല,
രാവണന്‍ ഒരു വിശ്വാസമാണ്
മനുഷ്യമനസ്സില്‍ നിരന്തരമായി
ചലിച്ചുകൊണ്ടിരിക്കുന്ന
പുണ്യത്തിന്റെയും, പാപത്തിന്‍റെയും
പരമോന്നതിയാണ് രാവണന്‍
വിശ്വാസത്തിന്റെയും, വ്യവസ്ഥയുടെയും
ഒരു സമ്മേളനമാണ്‌ രാവണന്‍.

ഋതുക്കളെപ്പോലെ
നിരന്തരമായി മാറിവരുന്ന അവസ്ഥപോലെ
ചിലപ്പോള്‍ ശിശിരം
ചിലപ്പോള്‍ വസന്തം
ചിലപ്പോള്‍ ചുട്ടുപഴുത്ത വേനലെങ്കിലോ
മറ്റു ചിലപ്പോള്‍ പെയ്തൊഴിയുന്ന മഴക്കാലം
രാവണന്‍ ഇതെല്ലാം തന്നെയല്ലേ?

രാവണന്‍ രണ്ടല്ല,
ഇരുപതു കണ്ണുകള്‍ കൊണ്ട് വീക്ഷിക്കുന്നു
ശത്രുവിനെ, മിത്രത്തിന്റെ സ്നേഹത്തിനെ.
അപ്പോള്‍ ഉയരും അവന്റെ കയ്യുകള്‍
ഒന്നല്ല, രണ്ടല്ല, ഇരുപതു കയ്യുകള്‍(ഇരുപതു)
ശത്രുവിന് നേരെ ശത്രുവായും
മിത്രത്തിനു നേരെ മിത്രമായും
രണ്ടല്ല, ഇരുപതു കയ്യുകള്‍ ഉയരുന്നു,
രക്ഷിക്കാനായാലും, ശിക്ഷിക്കാനായാലും.


ശത്രുവിനെ കുറിച്ചും, മിത്രത്തിനെ കുറിച്ചും
രാവണന് പ്രത്യേകം നിര്‍വചനമുണ്ട്,
സ്വന്തമായ ഒരു മാനദണ്ഡമുണ്ട്,
രാവണന്‍ ആരെയും മിത്രമായി കണക്കാക്കുന്നില്ല,
കാരണം,
മിത്രതയ്ക്ക് പരസ്പര വിശ്വാസത്തിന്‍റെ
ആവശ്യമുണ്ട്
അതേപോലെ,
വിശ്വാസത്തില്‍ ഇപ്പോഴും
വിശ്വാസ വഞ്ചനക്കുള്ള
പഴുതുകളുമുണ്ട്
രാവണന്‍ വിശ്വാസവഞ്ചനയുടെ
ഒരു ജനല്‍ പോലും,
തുറന്നിടാന്‍ ആഗ്രഹിക്കുന്നില്ല,
സമ്മതിക്കുന്നില്ല.
രാവണന്‍ വിശ്വാസത്തിന്‍റെ
വിശ്വസനീയതയില്‍
ഒരിക്കലും വിശ്വസിക്കുന്നില്ല.

അദ്ദേഹത്തിന്‍റെ ശത്രു
അദ്ദേഹത്തിനു വിരോധമുള്ള
വ്യക്തിയല്ല,
വിപരീതമായ വിശ്വാസമാണ്
അദ്ദേഹത്തിന്റെ നിലപാടില്‍
വിപ്ലവകരമായ ആശയങ്ങളും ഉണ്ട്,
സ്വന്തം ആദര്‍ശങ്ങളിലും,
സ്വന്തം കൈകളുടെ ശക്തിയിലുമല്ലാതെ
മറ്റൊന്നിലും അദ്ദേഹം വിശ്വസിക്കുന്നില്ല.

ഓരോ വ്യക്തിയുടെ ഉള്ളിലും
രാവണന്‍ ഒരു ചിന്തയായി കടന്നുകൂടാറുണ്ട്.
രാവണന്‍ ഒരിക്കലും മരിക്കുന്നില്ല
വീണ്ടും വീണ്ടും അവതരിക്കുന്നത്
ഭഗവാനാണല്ലൊ,
ഇടയ്ക്ക് കൃഷ്ണനും, ഇടയ്ക്ക് രാമനുമായ് മാറി
ഇതേ കാരണം കൊണ്ട് തന്നെയാണ്
രാമന്‍ രാവണനെ വധം ചെയ്യുന്നതും
എങ്കിലും രാവണത്വം എപ്പോഴും രക്ഷപ്പെടുന്നു.
അടിത്തറ നിലനില്‍ക്കുന്നു,
ഇടിഞ്ഞു വീഴുന്നത് മേല്‍കൂര മാത്രം.

കാരണം രാവണന്‍ ഒരു സംസ്കാരമാണ്‌
ആ സംസ്കാരം വീണ്ടും വീണ്ടും രക്ഷപ്പെടുന്നു.
ഒരിക്കല്‍ ജനങ്ങള്‍ ആ സംസ്കാരത്തെ സ്വന്തമാക്കിയാല്‍
പിന്നീടത്‌, ഒരിക്കലും നശിക്കാനിടയില്ലല്ലോ!
അതിനാല്‍,
രാവണന്‍ ഇന്നും ജീവിച്ചിരിക്കുന്നു
നാളെയും ഉണ്ടാവും
ലോകമെത്ര കാലമുണ്ടാകുമോ
അത്രയും കാലം രാവണന്‍ ജീവിച്ചിരിക്കും.

1 comment:

  1. രാവണപക്ഷം ഇഷ്ടമായി...

    അഭിവാദനങ്ങൾ
    ഒരൊന്നാന്തരം അസുരൻ..

    ReplyDelete