Sunday, June 28, 2009

ഒരു കൊച്ചു മോഹം

ഇടയ്ക്കിടെ കൊതി തോന്നുന്നു
വിധിയുടെ കാല്ച്ചങ്ങലകളെ, പൊട്ടിച്ചെറിഞ്ഞു
പരിപൂര്ണ സ്വതന്ത്രയാകുവാന്
എന്റെ വികാരങ്ങളെ മുഴുവന് മൂടി
എന്നെ ശ്വാസം മുട്ടിപ്പിക്കുന്ന
മൂടല് മഞ്ഞിന്റെ കട്ടിപുതപ്പില്
ഒരു ചെറിയ സുഷിരമുണ്ടാക്കുവാന്
ആ സുഷിരത്തിലൂടെ ശ്വാസം കഴിക്കുവാന്
വിശാലമായ നീലാകാശത്തിന്റെ ഒരു നേരിയ ഭാഗം
വീക്ഷിക്കുവാന് മനസ്സു കൊതിക്കുന്നു.

xxx xxx xxx xxx

ആ ആകാശം, ഇന്നലെ വരെ
എന്റെ പടിവാതില്ക്കല്നിന്നു
എന്നോട് പറയുമായിരുന്നു
വരൂ.........എന്റെ അടുത്തേക്ക് വരൂ......
നോക്കൂ, എന്റെ കൈവശം
ചന്ദ്രനുണ്ട്, നക്ഷത്രങ്ങളുണ്ട്
സുന്ദരമായ സ്വപ്നങ്ങളുണ്ട്
എല്ലാം നിനക്കു വേണ്ടി മാത്രം
കൊണ്ടുപോകൂ.......എല്ലാം കൊണ്ടുപോകൂ.....

xxx xxx xxx xxx

ഞാനൊന്നും എടുത്തില്ല
ചന്ദ്രനെയോ, നക്ഷത്രങ്ങളെയോ,
മറ്റു സുന്ദര സ്വപ്നങ്ങളെയോ സ്വന്തമാക്കിയില്ല.
പിന്നീട് അറിയില്ല
എന്റെ ആത്മാവിനു മുകളില്
ഈ ദുഃഖത്തിന്റെ കനത്ത പുതപ്പ്
ആരാണ് പുതപ്പിച്ചതെന്നു
വികാരങ്ങളെ ശ്വാസം മുട്ടിപ്പിക്കുന്ന കരിം പുതപ്പ്
ആ പുതപ്പിന്നുള്ളില് എന്റെ പൊട്ടിച്ചിരികള് മരവിച്ചു.
ചന്ദ്രനും നക്ഷത്രങ്ങളും പൊലിഞ്ഞുപോയി
ഓരോന്നോരോന്നായി സുന്ദര സ്വപ്നങ്ങളും മരിച്ചുവീണു

xxx xxx xxx xxx

ഇടയ്ക്കിടെ ആഗ്രഹം തോന്നുന്നു
തുറന്ന വായുവില് ശ്വാസം കഴിക്കുവാന്
ഒരു സ്വപ്നം നെയ്തുണ്ടാക്കുവാന്
പക്ഷെ.............
അറിയാം, അത് തെറ്റാണെന്ന്
എന്നിട്ടും...........
ഒരു തെറ്റ് ചെയ്യുവാന്
ഇടയ്ക്കിടെ കൊതി തോന്നുന്നു.

1 comment:

  1. ഇഷ്ടമായി.

    ഇനിയുമിനിയും എഴുതിനിറയ്ക്കാത്തതെന്തേ?

    (ജ്യോതിര്‍മയി- വാഗ്ജ്യോതി)

    ReplyDelete