Saturday, August 1, 2009

എന്‍റെ കണ്ണനോട്

കാളിന്ദി തീരത്തൊരോടക്കുഴലൂതി-
യോളങ്ങളില്‍പ്പുളകങ്ങള്‍ ചാര്ത്തി
കള്ളച്ചിരിതൂകി നില്ക്കുന്നകണ്ണനെ-
ന്നുള്ളിന്റെയുള്ളില്ക്കുളിര്മ്മയായി.

ഗോപികമാരുടെ ഹൃദയത്തുടിപ്പായി
ഗോപന്മാര്‍ തന്‍ കളിത്തോഴനായി
ഗോവര്‍ധന ഗിരി കയ്യിനാല്‍ പൊന്തിച്ചു
ഗോകുലത്തെ കാത്ത ബാലനായി,

മണ്‍ തിന്ന വായ വലുതായ്‌ തുറന്നിട്ടു
മന്നിടം കാണിച്ച പൊന്മകനായ്
മണ്‍കലം തന്നിലെ വെണ്ണ കട്ടുണ്ടിട്ടു
മങ്കമനം കവര്‍ന്നാരോമലായ്,

രാധ തന്‍ കൃഷ്ണനായ്‌, രാഗാനുലോലനായ്,
രാത്രിഞ്ചരന്മാര്‍ തന്‍ മര്ദ്ദകനായ്
രാമന്റെയനുജനായ്‌ രാജീവലോചനന്‍
രാജാധിരാജനായ്‌ വാണ തീരെ...

കാളിയനെ കൊന്നു കാളിന്ദി നദിയിലെ
കാളകൂട വിഷം നശിപ്പിച്ചു നീ.
കണ്ണിന്‍റെ കൃഷ്ണമണി പോലെ കാത്തു നീ
കല്ലും മരങ്ങള്‍ മൃഗങ്ങളെയും.

മധുരയില്‍ മാതുലനോടെതിരേറ്റിട്ടു
മാതാപിതാക്കളെ മുക്തരാക്കി
മണ്ണിനും വിണ്ണിനും അഭിമാനഭാജനം
മാതായശോദതന്‍ കണ്ണിലുണ്ണി.

എന്‍റെ മനസ്സിന്‍റെ കണ്ണാടിയിലുണ്ട്
എണ്ണക്കറുപ്പാര്‍ന്നാ ചാരുരൂപം
എങ്കിലും കണ്ണാ നീയൊന്നു വന്നീടുമോ
എന്‍ കിനാവില്‍ രാഗ വേണുവൂതി?

2 comments:

  1. എഴുത്തു വഴങ്ങുമല്ലൊ പിന്നെന്തിനു പിന്വാങ്ങി. വരൂ ഒര്‍മ്മകലും സ്വപ്നങ്ങളുമായി

    ReplyDelete