Thursday, February 5, 2009

.......................ഫീനിക്സ്..............

മനസ്സിന്നുള്ളിലൊരഗ്നി പര്‍വതം പുകയുന്നുണ്ടേ-
തു നിമിഷവും തയ്യാറായ് ലാവ ഛര്ദിക്കുവാന്‍്
എന്നിട്ടും മുഖമണ്ഡലം തെളിയുന്നു പുഞ്ചിരി തന്‍
പൂത്തിരി വെളിച്ചത്താല്‍, അതാണ്‌ ഞാനെന്‍ സഖേ!

ഡെമോക്ലസിന്‍ വാളുപോലാടുന്നുണ്ട് തലയ്ക്കു മുകളില്‍
പ്രശ്നങ്ങളൊന്നല്ല, രണ്ടല്ല, അസംഖ്യമനവധി,എന്നിട്ടും
നേരമ്പോക്കിന്‍ മാലപ്പടക്കമുതിരുന്നു, പിന്നെ പരക്കുന്നു
ചിരിയുടെ പൊട്ടലും ചീറ്റലും ചുറ്റിലും, അതാണ്‌ ഞാനെന്‍ സഖേ!

കണ്ണിന്നതിര്‍ത്തി ലംഘിച്ചിട്ടൊഴുകാന്‍ തുടങ്ങും
മണിമുത്തിനെ അണ കെട്ടി നിര്‍ത്തീ നിര്‍ബന്ധമായ്
സ്വന്തം കാര്യകര്‍മങ്ങളില്‍ നിരതയായ് തള്ളിനീക്കുന്നു
ദിനം, തിളങ്ങും മിഴിയോടെ, അതാണ്‌ ഞാനെന്‍ സഖേ!

ഓഫീസില്‍ ഉത്തമയാം ഉദ്യോഗസ്ഥ
വീട്ടിലോ സ്നേഹസംപന്നയാമാമ്മ
പിരിമുറുക്കത്തിന്‍ ചുളിവുകള്‍ മറക്കാനെന്നോണ-
മൊരു ചന്ദനക്കുറി നെറ്റിയില്‍, അതാണ്‌ ഞാനെന്‍ സഖേ!

നിശയുടെയന്ധകാരത്തില്‍ അണപൊട്ടിയൊഴുകും
മിഴിനീരിന്നീര്‍പ്പവും തേങ്ങലും ഏറ്റു വാങ്ങുമെന്‍ ശയ്യാതലം
സ്വപ്നത്താലലംകൃതമൊരു നിദ്രാവസ്ഥയെ പുണര്‍ന്നിട്ടനന്തരം
കാലത്തുണര്‍ന്നീ നാടകം തുടരുന്നു, അതാണ്‌ ഞാനെന്‍ സഖേ !

2 comments:

  1. ഈ വാക്കുകള്‍ ക്ക് പകരം നല്‍ കാന്‍ വാക്കിലാലുള്ള സ്വാന്തനം മാത്രമേയുള്ളൂ...

    ReplyDelete