Wednesday, February 11, 2009

നവരാത്രി ഉത്സവം...

നവരാത്രിയുത്സവം കാണുവാന്‍ പോവാറു-
ണ്ടമ്മാത്തടുത്തുള്ളയമ്പലത്തില്‍
ഒമ്പതു നാളിലും ചന്ദനം ചാര്‍ത്തിയ
ദേവനെക്കാണുവാനെന്തു ചന്തം!

ഇല്ല തിരക്കില്ലയൊട്ടുമീ ക്ഷേത്രത്തി-
ലെന്നാല്‍ നവരാത്രി വന്നിടുമ്പോള്‍
മാല-വിളക്കുകള്‍ ആനയമ്പാരികള്‍,
ഗാനവും നൃത്തവും എന്നിങ്ങനെ
ഉത്സവമാഘോഷം കാണുവാനായിരം
ഭക്ത ജനങ്ങളും വന്നുകൂടും
പഞ്ചവാദ്യമുണ്ട്, തായമ്പകയുണ്ട്
കച്ചേരിയും ചാക്യാര്‍ കൂത്തുമുണ്ടേ

ഒരു നാളു തുള്ളലാണെങ്കിലോ, മറ്റൊരു
നാളില്‍ കഥകളിയായിരിക്കും
ഭക്തിഗാനം, ഭരതനാട്യങ്ങളും
ഭക്തരെ മുഗ്ദ്ധരാക്കുന്നു നൂനം

കാലേ കുളിച്ചു തൊഴുവാനായ് വന്നാലോ
വേണ്ട തിരിച്ചു, വൈകീടുംവരെ
ഉച്ചയ്ക്കു സദ്യയുമുണ്ടു വിശപ്പിനു
ഭക്തര്‍ വകയായിട്ടന്നദാനം
നൈപ്പയാസം,പിന്നെ പഞ്ചാരപ്പായസം,
കാരോലപ്പം,പഴം, ശര്‍ക്കരയും
എല്ലാമേ ലഭ്യം, വിശപ്പടക്കീടുവാന്‍
ഉത്സവക്കാലം സുഭിക്ഷമല്ലോ?

കൂടെ നടന്നു വഴിവാണിഭക്കാരോ-
ടേറെ വേണേള്‍ വള, മാല വാങ്ങാം
അല്ലെങ്കിലോ പഞ്ചവാദ്യവും കേട്ടിട്ടു
മെല്ലെ തലയാട്ടി നിന്നു ചെമ്മേ,
കൂട്ടുകാരൊത്തു കളി പറയാം, പിന്നെ-
യാനയെ കണ്ടിട്ടു വായ് പൊളിക്കാം
പുസ്തകമെല്ലാമെഴുത്തിനുവച്ചാ‍ലൊ-
രൊട്ടു പഠിക്കേണ്ട കാര്യമില്ല.

ആസ്വദിക്കാറുണ്ടാ ഉത്സവനാളുകള്‍
ഹൃദ്യമായിട്ടെന്റെ ബാല്യകാലേ
മധുരമാമോര്‍മ്മകളയവിറക്കിക്കൊണ്ടൂ
ദൂരമാം ദേശത്തു വാഴുന്നു ഞാന്‍!

3 comments: